Header Ads

  • Breaking News

    ഇന്ന് അതിതീവ്രമാകാന്‍ സാധ്യത; തെക്കൻ കേരളത്തില്‍ മഴ കനക്കും 



    തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് തീവ്രമായി. ചുഴലിയുടെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ ഇത് അതിതീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
    ചൊവ്വാഴ്ച കൊല്ലം ജില്ലയിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച്  അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചവരെ ഇടുക്കിവരെയുള്ള തെക്കന്‍ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചവരെ കിഴക്ക്, മധ്യ അറബിക്കടല്‍ മേഖലയിലും നവംബര്‍ ഒന്നുവരെ പടിഞ്ഞാറ്, മധ്യ അറബിക്കടല്‍ മേഖലയിലും മീന്‍പിടിക്കാന്‍ പോകരുത്.
    മുംബൈ തീരത്തുനിന്ന് 620 കിലോമീറ്ററോളം ദൂരത്തായിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍തീരത്തേക്കു നീങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ ഈ കടല്‍മേഖലയില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 290 കിലോമീറ്റര്‍ വരെയായിരിക്കും. ചൊവ്വാഴ്ചയ്ക്കുശേഷം ശക്തി കുറഞ്ഞുതുടങ്ങും.
    തിങ്കളാഴ്ച ലക്ഷദ്വീപ്, മാലദ്വീപ് മേഖലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലദ്വീപ് മേഖല എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 50-60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
    തെക്കുകിഴക്കന്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതിന്റെ തീവ്രതയും പാതയും കണക്കാക്കിയിട്ടില്ല.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad