നാടൻ തോക്കും വാഷും പിടിച്ചു
ഇരിട്ടി:
വ്യാജവാറ്റ് പിടികൂടാൻ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടിയത് രണ്ട് നാടൻ തോക്കും രണ്ട് ബാരലുകളിലായി സൂക്ഷിച്ച 75 ലിറ്റർ വാഷും. ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിലെ കല്ലിക്കണ്ടി ബാബുവാ(40)ണ് വാഷും തോക്കുകളും സഹിതം എക്സൈസിന്റെ പിടിയിലായത്. വീട്ടുപറമ്പിൽ രണ്ട് ബാരലുകളിലായി സൂക്ഷിച്ച വാഷ് പിടികൂടിയ എക്സൈസ് സംഘം കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ബാബുവിന്റെ വീടിനോട് ചേർന്ന് മുയലിനെ വളർത്തുന്ന കൂടിന് സമീപം മണ്ണിനടിയിൽ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നാടൻ തോക്കുകളും കണ്ടെത്തിയത്. തോക്കുകളിൽ ഒന്ന് അടുത്തിടെ നിർമിച്ചതാണെന്നാണ് സൂചന.
ഇയാൾ 5 അബ്കാരി കേസുകളിൽ പ്രതിയാണെന്നും തോക്കിന്റെ ഉറവിടവും മറ്റും കണ്ടെത്തുന്നതിനും കൂടുതൽ പരിശോധനയ്ക്കുമായി ആറളം പൊലീസിന് കൈമാറിയതായും എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് പറഞ്ഞു.

ليست هناك تعليقات
إرسال تعليق