കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും CCTV മിഴി തുറന്നിട്ട് 6 മാസം
മട്ടന്നൂർ :
വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും സിസിടിവി മിഴി തുറന്നിട്ട് 6 മാസം, ഫലം 2700ൽപരം കേസുകൾ. നിലവിൽ പ്രതിദിനം 15 പെറ്റി കേസുകളാണ് സിസിടിവി ക്യാമറ വഴി പിടികൂടുന്നത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർ, 3 പേരുമായി ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ, നമ്പർ പ്ലേറ്റ് മറച്ചു യാത്ര ചെയ്യുന്നവർ, വിമാനത്താവള പ്രവേശന കവാടത്തിൽ നിന്ന് ട്രാഫിക് നിയമം ലംഘിക്കുന്നവർ എന്നിവരാണ് പൊലീസിന്റെ വലയിലാകുന്നത്.
സിസിടിവി പ്രവർത്തനം തുടങ്ങിയ ആദ്യ 2 മാസങ്ങളിൽ പ്രതിദിനം ശരാശരി 20 മുതൽ 25 കേസുകൾ വരെ ഉണ്ടായിരുന്നു. ജൂൺ മാസത്തോടെ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമം ലംഘിക്കുന്നവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താറാണ് പതിവ്. ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചവർക്കും 3 പേരെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ആദ്യം 100 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 1000 രൂപ. 1000 രൂപ പിഴ ഈടാക്കിയ 3 കേസുകളും സ്റ്റേഷനിൽ ഉണ്ട്.
3 പേരെയും കൊണ്ട് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത് തുടർന്നാലും സിഗ്‌നൽ ലംഘനം ആവർത്തിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകും. ബസ്‍സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിൽ നിന്നും മോഷണം പോയ വസ്തുക്കളും ക്യാമറ വഴി കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടേയും പൊലീസിന്റെയും നേതൃത്വത്തിലാണ് നഗരത്തിൽ വിവിധ ഇടങ്ങളിൽ 29 സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. പൊലീസ് സ്റ്റേഷനിൽ പ്രത്യേകം തയാറാക്കിയ കെട്ടിടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്

ليست هناك تعليقات
إرسال تعليق