Header Ads

  • Breaking News

    വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക്125 റൺസിന്റെ കൂറ്റൻ ജയം



    മാഞ്ചസ്റ്റർ:
    ബോളിങ്ങിൽ കാട്ടിയ ആവേശത്തിന്റെ പകുതിപോലും ബാറ്റിങ്ങിലേക്കാവാഹിക്കാനാകാതെ പോയ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിക്കരികെ. ബാറ്റിങ്ങിൽ അമ്പേ തകർന്നുപോയ വിൻഡീസിനെ 125 റൺസിനാണ് ഇന്ത്യ തകർത്തുവിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 268 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പേസ്–സ്പിൻ ആക്രമണങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസ് 34.2 ഓവറിൽ 143 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ വിജയം 125 റൺസിന്. റൺ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ആതിഥേയരായ ഇംഗ്ലണ്ട് അഫ്ഗാനെതിരെ നേടിയ 150 റൺസിന്റെ വിജയം മാത്രം മുന്നിൽ.

    റൺ അടിസ്ഥാനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ ജയം കൂടിയാണിത്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ വിൻഡീസിന്റെ മൂന്നാമത്തെ വലിയ തോൽവിയും ഇതുതന്നെ. ഇതോടെ, ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഏക ടീമെന്ന റെക്കോർഡും ഇന്ത്യ കാത്തു. തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ ക്യാപ്റ്റൻ വിരാട് കോലിയാണ് കളിയിലെ കേമൻ. 82 പന്തിൽ എട്ടു ബൗണ്ടറി സഹിതം 72 റൺസെടുത്തു. തുടർച്ചയായ രണ്ടാം മൽസരത്തിലും നാലു വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലെത്തിയ മുഹമ്മദ് ഷമിയാണ് ബോളർമാരിൽ തിളങ്ങിയത്. 16 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഷമി, വിൻഡീസിനെതിരെ ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവും സ്വന്തമാക്കി. 1983ൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത മൊഹീന്ദർ അമർനാഥിന്റെ റെക്കോർഡ് പഴങ്കഥയായി.
    ആറു മൽസരങ്ങളിൽനിന്ന് അഞ്ചാം ജയം കുറിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാമതെത്തി. ഏഴു കളികളിൽനിന്ന് 12 പോയിന്റുള്ള ഓസ്ട്രേലിയ മാത്രം മുന്നിൽ. ന്യൂസീലൻഡിനും 11 പോയിന്റുണ്ടെങ്കിലും അവർ റൺറേറ്റിൽ ഇന്ത്യയ്ക്കു പിന്നിലായി. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ ഇക്കുറി സെമി കളിക്കുമെന്നും ഉറപ്പായി. ഞായറാഴ്ച ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad