50 സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്താന്‍ ശ്രമിച്ചു; എയര്‍ ഇന്ത്യ ജീവനക്കാരനടക്കം മൂന്ന് പേര്‍ പിടിയില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കോടി രൂപ വില വരുന്ന സ്വര്‍ണവുമായി മൂന്ന് പേര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മന്‍സൂറും(33) എറണാകുളം സ്വദേശി കണ്ണനുമാണ്(30) പിടിയിലായത്. സ്വര്‍ണം കടത്താന്‍ ഇവരെ സഹായിച്ച എയര്‍ ഇന്ത്യ ജീവനക്കാരനും പിടിയിലായി. ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിന (33) ആണ് പിടിയിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍.
116 ഗ്രാം വീതം തൂക്കമുള്ള 50 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇബ്രാഹിമും കണ്ണനും എത്തിയത്. യാത്രക്കാരെ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്ക് കൊണ്ട് വരുന്ന ബസില്‍ വെച്ചാണ് സ്വര്‍ണ്ണം ഇവര്‍ മുഹമ്മദ് ഷിനയ്ക്ക് കൈമാറിയത്. ഇതിനിടയിലാണ് മൂവരും പിടിയിലായത്.
കറുത്ത ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞാണ് സ്വര്‍ണം കൊണ്ടുവന്നത്. ഒരു കിലോ സ്വര്‍ണത്തിന് ഷിനാസിന് 50000 രൂപ നല്‍കുമെന്നായിരുന്നു ഇവര്‍ക്കിടയിലെ കരാര്‍. ഷിനാസിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി എയര്‍ ഇന്ത്യ സാറ്റ്സ് അധികൃതര്‍ അറിയിച്ചു.

ليست هناك تعليقات
إرسال تعليق