Header Ads

  • Breaking News

    വെങ്കലപൈതൃകഗ്രാമത്തിന‌് ചിറകുമുളക്കുന്നു

    ലോഹ നിർമാണത്തിന്റെ തന്ത്രങ്ങൾ മാലോകർക്ക് പകർന്ന് നൽകിയ കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തിന‌് ഇത് പ്രതീക്ഷയുടെ ചിറകുകൾ മുളക്കുന്ന കാലം.. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ ഇവിടെ നിർമിക്കുന്ന വൈവിധ്യങ്ങളായ വെങ്കല ശില്പ നിർമിതികൾക്ക് വൻതോതിലുള്ള വിപണന സാധ്യതക്ക് വഴിതുറക്കുമെന്നാണ‌് പ്രതീക്ഷ...

    ചങ്കൂരിച്ചാൽ പുഴയോരത്തെ പ്രദേശമായതുകൊണ്ടു തന്നെ മലബാർ റിവർ ടൂറിസം പദ്ധതിയും ഗുണം ചെയ്യും.  നിർമിക്കുന്ന ശില്പങ്ങളെല്ലാം പ്രദർശിപ്പിക്കുവാൻ പുഴയോരത്ത‌് മ്യൂസിയം നിർമിക്കണമെന്ന ആവശ്യവുമുണ്ട‌്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിദേശികളടക്കമുള്ള ഉപഭോക്താക്കൾക്ക്  ശിൽപങ്ങൾ  നൽകാൻ ഇതുവഴി കഴിയും..

    നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാനാവും.
    സംസ്ഥാന സർക്കാർ വെങ്കല പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് വിവിധ പദ്ധതികൾ  നടപ്പാക്കി വരികയാണ്. പരമ്പരാഗതമായി നിർമിക്കുന്ന ലക്ഷ്മി വിളക്ക്, വിഗ്രഹങ്ങൾ, ദീപസ്തംഭം, കൊടിമരം, തെയ്യച്ചമയങ്ങൾ, വിളക്ക്, കിണ്ടി, ഉരുളി, കോളാമ്പി, വട്ടളം, ക്ഷേത്ര വിഗ്രഹങ്ങൾ എന്നിങ്ങനെ കുഞ്ഞിമംഗലത്തിന്റെ വെങ്കല ശില്പ ചാതുരി ലോക പ്രശസ്തമാണ്. നൂറോളം കുടുംബങ്ങൾ ഈ മേഖലയിൽ തൊഴിൽ ചെയ്തിരുന്നെങ്കിലും  ഇപ്പോൾ പത്തോളം കുടുംബങ്ങളാണ് നിലവിലുള്ളത്...

    അളവും തൂക്കവും വിലയും കുറഞ്ഞ ഉൽപന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് പ്രതിസന്ധി നേരിടാൻ തുടങ്ങിയത്. ഇതിനെ മറികടക്കാനുള്ള ആലോചനയിലാണ് വെങ്കല പൈതൃക ട്രസ്റ്റ് എന്ന ആശയം ഉയർന്നുവന്നത്. മൂശാരിക്കൊവ്വൽ കേന്ദ്രമായി 2013 ൽ ട്രസ്റ്റ് നിലവിൽ വന്നു..

    പരമ്പരാഗത ശില്പ നിർമിതിയെ ആധുനികതയുമായി ഇഴചേർത്ത് അവതരിപ്പിക്കുക എന്ന വെല്ലുവിളി ട്രസ്റ്റ‌് ഏറ്റെടുത്തു. വിവിധ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ‌് ടി വി രാജേഷ‌് എംഎൽഎയുമായി ഭാരവാഹികൾ ബന്ധപ്പെടുന്നത്. ഇതോടെയാണ്  സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന റൂറൽ ആർട്ട് ഹബ്ബ് പ്രോജക്ടിന്റെ ഭാഗമായി 20 പ്രദേശങ്ങളെ പൈതൃക ഗ്രാമമായി തെരഞ്ഞെടുത്തതിൽ കുഞ്ഞിമംഗലവും ഉൾപ്പെട്ടതെന്ന് ട്രസ്റ്റ് ചെയർമാൻ വി വി രാമചന്ദ്രൻ പറഞ്ഞു...

    തുടർന്ന്  പ്രദേശത്തെ ശില്പികളെ പങ്കെടുപ്പിച്ച്  ശില്പശാല സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങളുടെ മാതൃകകളെ ശില്പ രൂപത്തിൽ എങ്ങനെയൊക്കെ രൂപാന്തരപ്പെടുത്താൻ കഴിയുമെന്ന് അതുവഴി ബോധ്യപ്പെടുത്താൻ സംഘാടകർക്ക് കഴിഞ്ഞു. കരകൗശല വികസന കോർപറേഷൻ ഇവിടെ കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിച്ചിട്ടുണ്ട്...

    അന്യംനിന്നുപോകുമായിരുന്ന വെങ്കല ശില്പ  കലയിലേക്ക് സ്ത്രീകളെയും യുവാക്കളെയുമടക്കം ആകർഷിക്കാൻ ശില്പശാല കരുത്തേകിയതായി ട്രസ്റ്റ് സെക്രട്ടറി പടിഞ്ഞാറ്റയിൽ രമേശൻ പറഞ്ഞു...

    ദേശീയപാതയിൽ എടാട്ട് കോളേജ് സ്റ്റോപ്പിലോ, പഴയങ്ങാടി റൂട്ടിൽ ഹനുമാരമ്പലം റോഡ് സ്റ്റോപ്പിലോ ഇറങ്ങി കുഞ്ഞിമംഗലത്ത് എത്താം. ട്രസ്റ്റ് ഭാരവാഹികളെ 9526164428, 9562899270 നമ്പറുകളിൽ ബന്ധപ്പെടാം...

    കുഞ്ഞിമംഗലം വെങ്കല ഗ്രാമത്തെ ദേശീയ ശ്രദ്ധയിലെത്തിക്കും വിധം കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ഡിസംബറിൽ ഇരുപത് ദിവസത്തെ പരിശീലനം നടക്കും. കണ്ണൂർ ചിറകടിച്ചുയരുമ്പോൾ കുഞ്ഞിമംഗലം വെങ്കല പൈതൃകഗ്രാമത്തിന്റെ മനസ്സും പറക്കുകയാണ്, അനന്തമായ നീലാകാശത്തിലേക്ക്...
    കടപ്പാട്:ദേശാഭിമാനി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad