പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്ക് AC വാർഡ്
പയ്യന്നൂർ:
ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികൾക്ക് ഇനി ശീതീകരിച്ച വാർഡിൽ കിടക്കാം.
താലൂക്ക് ആശുപത്രിയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് കുട്ടികളുടെ വാർഡ് പ്രവർത്തിക്കുന്നത്. കഠിനമായ ചൂടിൽ കുട്ടികൾക്ക് രാത്രിയിൽ കിടന്നുറങ്ങുക പ്രയാസമാണ്. നല്ല ചികിത്സയും മരുന്നും സംവിധാനങ്ങളും കളിക്കോപ്പുമെല്ലാമുള്ള ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. എന്നാൽ അസഹനീയമായ ചൂട് കുട്ടികളുടെ രക്ഷിതാക്കളെയും ആശുപത്രി അധികൃതരെയും ഏറെ അലോസരപ്പെടുത്തുന്നു. ഇതിന് പരിഹാരം കണ്ടെത്താനാണു വാർഡ് ശീതീകരിക്കുന്നത്.
ഈ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായിരുന്ന പരേതനായ പി.കെ.ദാമോദരന്റെ മകൻ അനീഷ് ദാമോദരനോട് നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ ഈ ആവശ്യം അറിയിച്ചപ്പോൾ പണം മുടക്കാൻ സന്തോഷത്തോടെ തയാറാവുകയായിരുന്നു. വാർഡിന്റെ സീലിങ് പ്രവർത്തനം ആശുപത്രി വികസന കമ്മിറ്റിയും നിർവഹിച്ചു. 20 കിടക്കകളുള്ള ശീതീകരിച്ച വാർഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നഗരസഭ അധ്യക്ഷൻ നിർവഹിക്കും. സർക്കാർ ആശുപത്രിയിൽ ശീതീകരിച്ച കുട്ടികളുടെ വാർഡ് അപൂർവമാണ്.

ليست هناك تعليقات
إرسال تعليق