കേരളത്തിൽ LPG, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ക്ഷാമമില്ല ; ബുക്കിങ് അനുസരിച്ച് വിതരണം നടക്കുന്നതാണ് എണ്ണക്കമ്പനികൾ
തിരുവനന്തപുരം :- കേരളത്തിൽ എൽപിജി, പെട്രോൾ, ഡീസൽ എന്നിവ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ പ്രവർത്തനങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയും തടസ്സമില്ലാതെ നിലനിർത്തുകയും ചെയ്യുന്നുണ്ടെന്നും ഓയിൽ ഇൻഡസ്ട്രി -കേരള സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ സ്റ്റോക്ക് ആവശ്യത്തിന് ലഭ്യമാണ്, കൂടാതെ ഉപഭോക്താക്കളുടെ ബുക്കിങ് അനുസരിച്ച് വിതരണം നടത്തിവരുന്നു. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി അതത് ഓയിൽ മാർക്കറ്റിംഗ് കമ്ബനികൾ എൽപിജി വിതരണ കേന്ദ്രങ്ങളിലെ സ്റ്റോക്ക് നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കുന്നു. എല്ലാ ഉപഭോക്താക്കൾക്കിടയിലും തുല്യമായ വിതരണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണ നടപടിയായി ബുക്കിംഗുകൾക്കിടയിൽ നിലവിൽ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. റീഫില്ലുകൾ ഉപഭോക്താക്കളുടെ വീടുകളിൽ തന്നെ എത്തിക്കുമെന്നും ഉറപ്പാക്കുന്നു.
രജിസ്റ്റർ ചെയ്‌ത ഉപഭോക്താക്കൾക്ക് വിതരണം ഉറപ്പാക്കുന്നതിനായി ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി ) നിർബന്ധമാക്കിയിട്ടുണ്ട്. വിതരണ സമയത്ത് ഡിഎസി പങ്കുവെച്ചുകൊണ്ട് എല്ലാ ഉപഭോക്താക്കളും സഹകരിക്കണം. റീഫില്ലുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി മാത്രം ബുക്ക് ചെയ്യാനും ബുക്കിംഗിനായി വിതരണക്കാരുടെ ഷോറൂമുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഗാർഹികേതര / വാണിജ്യ എൽപിജി വിതരണത്തിനായി, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റേയും കേരള സർക്കാരിൻ്റേയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പ്രതിസന്ധിക്ക് മുമ്ബുള്ള ശരാശരി ആവശ്യകതയുടെ 66 ശതമാനം നിലവിൽ മൊത്തത്തിൽ വിതരണം ചെയ്യുന്നുണ്ട്. അതേസമയം, ആശുപത്രികൾ, ഹോസ്റ്റലുകൾ, ശ്മശാനങ്ങൾ, സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ അവശ്യ മേഖലകളിൽ നൂറു ശതമാനം വിതരണവും ഉറപ്പാക്കുന്നു. അർദ്ധ -അവശ്യ, അവശ്വേതര മേഖലകളിൽ 62 ശതമാനം വിതരണമാണ് നടത്തുന്നത്.
ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, തങ്ങളുടെ വിതരണ ശൃംഖലയിലൂടെ എൽപിജി റീഫില്ലുകൾ സുഗമമായും കൃത്യസമയത്തും നല്‌കാൻ ഓയിൽ മാർക്കറ്റിംഗ് കമ്ബനികൾ പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു വ്യക്തമാക്കുന്നു. കേരളത്തിലുടനീളമുള്ള ചില്ലറ വില്പനശാലകളിലും സംഭരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് പെട്രോൾ, ഡീസൽ സ്റ്റോക്കുകൾ ലഭ്യമാണെന്ന് എല്ലാ ഓയിൽ മാർക്കറ്റിംഗ് കമ്ബനികളും ഉറപ്പുനല്‌കുന്നു. സംസ്ഥാനത്ത് ഒരിടത്തും പരിഭ്രാന്തി മൂലമുള്ള വാങ്ങലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി ചില്ലറ വില്പനശാലകളിലെ സ്റ്റോക്കുകൾ കൃത്യമായി നിരീക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. കോർഡിനേറ്റർ അറിയിച്ചു.

ليست هناك تعليقات
إرسال تعليق