14 വയസ്സുകാരന്റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകി ; ഒടുവിൽ കൈ വളഞ്ഞു, ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
പത്തനംതിട്ട :- കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന പരാതിയുമായി 14കാരൻ്റെ കുടുംബം. 14 വയസ്സുകാരന്റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ നൽകിയെന്നും ഒടുവിൽ കൈ വളഞ്ഞു പോയെന്നും കുടുംബം ആരോപിക്കുന്നു. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. ഓർത്തോ മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു.
തൻസീറിന്റെ ഒടിഞ്ഞ കൈയ്യിൽ നവംബറിലാണ് ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു കുടുംബം. സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു.
സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട് രംഗത്തെത്തി. ചികിത്സാ പിഴവ് അല്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു. കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചികിത്സാവേളയിലെ എക്‌സ്-റേയിൽ ഉൾപ്പെടെ കുഴപ്പമില്ലായിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളേജിലും ചെയ്യാമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

ليست هناك تعليقات
إرسال تعليق