Header Ads

  • Breaking News

    ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി



    തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നല്‍കുന്നതിന് അവസരമുണ്ട്.

    ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി ഓരോ റേഷന്‍ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്‌സുകളില്‍ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യും.

    ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും ഇതിനോട് ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad