Header Ads

  • Breaking News

    കണ്ണ് നിറയാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ല: ജയ് ഭീമിനെ അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

     


    തിരുവനന്തപുരം: 

    ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

    ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

    സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

    അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.

    സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.

    സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.

    ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad