Header Ads

  • Breaking News

    മുണ്ടയാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തും: മന്ത്രി

     


    എളയാവൂർ:

    മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിര്‍മിച്ച പൗള്‍ട്രി ഷെഡുകളുടെയും തൊഴിലാളി വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനവും സിസിടിവി സ്വിച്ച് ഓണും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റോഡിന്റെ ഇരുവശങ്ങളിലായി കിടക്കുന്ന ഫാമിന് പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കും. 


    സ്‌പോര്‍ട്‌സ് കൗണ്‍സിലിനായി 10 വര്‍ഷം മുമ്പ്‌ നല്‍കിയ സ്ഥലം വിട്ടുതരാമെന്ന് എഗ്രിമെന്റുണ്ടായിട്ടും ഇതുവരെ ലഭിച്ചിട്ടില്ല. റവന്യു വകുപ്പുമായി ഇടപെട്ട് സ്ഥലം അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും.
    പുതുതായി ലഭിക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തി ഇറച്ചിക്കോഴികളെ ഉല്‍പ്പാദിപ്പിക്കണമെന്നും ഫാമില്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


    75 വര്‍ഷം പൂര്‍ത്തിയാക്കിയ  കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രതിദിനം മൂവായിരത്തോളം മുട്ടകളും  മാസം അമ്പതിനായിരത്തോളം കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനം പ്രതിമാസം രണ്ട് ലക്ഷമാക്കുകയാണ് ലക്ഷ്യം. 


    ഇതിനായി 68.2 ലക്ഷം രൂപ ചെലവില്‍ നാല്  പൗള്‍ട്രി ഷെഡുകളാണ് നിര്‍മിച്ചത്.  9.5 ലക്ഷം രൂപ ചെലവില്‍ വിശ്രമകേന്ദ്രം, ഫാം മോണിറ്ററിങ്ങിനും ജൈവ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 9.7 ലക്ഷം രൂപ ചെലവിട്ട് സിസിടിവി, 16 ലക്ഷം രൂപ ചെലവില്‍ വിപണന കേന്ദ്രം എന്നിവയുമാണ് നിര്‍മിച്ചത്.
    കോര്‍പറേഷന്‍ മേയര്‍  ടി ഒ മോഹനന്‍ അധ്യക്ഷനായി. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു.

     ജില്ലാതല പദ്ധതി ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിര്‍വഹിച്ചു. ഷാഹിന മൊയ്തീന്‍,  ഡോ. എം പി ഗിരീഷ് ബാബു,  ഡോ. പി ഗിരീഷ് കുമാര്‍ എന്നിവർ സംസാരിച്ചു.  


    ليست هناك تعليقات

    Post Top Ad

    Post Bottom Ad