Header Ads

  • Breaking News

    ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍ ഔദാര്യമല്ല; അവകാശമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

    ശുഭയാത്ര ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു

    ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശുഭയാത്ര പദ്ധതിയില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
    ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ് കേരളം. വെല്ലുവിളികളെ മറികടന്ന് മികച്ച ജീവിത നിലവാരത്തിലേക്കുയരാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയണം. അവരുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുത്തു കൊണ്ട് അവരുടെ അവകാശങ്ങള്‍ നിറവേറ്റുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വേറിട്ട കഴിവുകളുള്ള അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം, പുനരധിവാസം തുടങ്ങിയവക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭിന്നശേഷി വിഭാഗക്കാരുടെ ജോലി സ്ഥിരത ഉറപ്പാക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ കരുതലോടെ മുന്നോട്ടു പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
    ഭിന്നശേഷിക്കാരുടെ അംഗ പരിമിതി ലഘൂകരിക്കുന്നതിനുള്ള സഹായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് ശുഭയാത്ര. പദ്ധതിയില്‍ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 200 ഭിന്നശേഷിക്കാര്‍ക്കാണ് അത്യാധുനിക ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കുന്നത്. ജില്ലയില്‍ 20 പേര്‍ക്കാണ് ഇവ വിതരണം ചെയ്തത്. 40 ശതമാനമോ അതിലധികമോ അംഗപരിമിതിയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അപേക്ഷകരില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ഓസ്ട്രിച്ച് കമ്പനിയുടെ പൊതു വിപണിയില്‍ രണ്ടേകാല്‍ ലക്ഷത്തോളം വില വരുന്ന ഓസ്ട്രിച്ച് പെട്രാ എക്സ് എന്ന വീല്‍ ചെയറുകളാണ് പദ്ധതിയില്‍ സൗജന്യമായി വിതരണം ചെയ്തത്. ആറ് മണിക്കൂറോളം ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് ഈ വീല്‍ ചെയര്‍. ഈ ചാര്‍ജില്‍ 15 കിമീ വരെ ദൂരം യാത്ര ചെയ്യാം. ഭിന്നശേഷിക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ വീല്‍ ചെയറിന് ഹെഡ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, മികച്ച നിലവാരമുള്ള ടയര്‍ എന്നിവയാണുള്ളത്. മറിഞ്ഞു വീഴുകയില്ല എന്നതാണ് ഈ ഇലക്ട്രോണിക് വീല്‍ ചെയറിന്റെ പ്രത്യേകത.
    കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹസ്തദാനം പദ്ധതിയുടെ ഭാഗമായുള്ള തുകയും വിതരണം ചെയ്തു. ഗുരുതര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഇരുപതിനായിരം രൂപ വരെ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി സതീദേവി, കൗണ്‍സിലര്‍ കെ പ്രകാശന്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ മൊയ്തീന്‍ കുട്ടി, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതിയംഗം ടി ജയകുമാര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ അനീഷ്, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കുഞ്ഞ്, കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad