Header Ads

  • Breaking News

    റിസോർട്ടിൽ യുവാവ്‌ മരിച്ച നിലയിൽ; മരണമറിയാതെ അച്‌ഛനരികെ ഇരട്ടക്കുട്ടികൾ

     


    കൊച്ചി:

    ഇരട്ടക്കുട്ടികൾക്കൊപ്പം  റിസോർട്ടിൽ താമസിച്ചിരുന്ന  യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന്‌ വയസ്‌ പ്രായമുള്ള കുട്ടികൾ റിസോർട്ടിന്റെ ഗേറ്റിനുമുന്നിൽ  അച്‌ഛനരികിലിരുന്ന്‌ കരയുന്നത്‌ ശ്രദ്ധയിൽപ്പെട്ട പത്രഎജൻറ്‌ ചെന്ന്‌ നോക്കിയപ്പോളാണ്‌  മരണവിവരം അറിയുന്നത്‌.


    കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ലിസിമോളുടെയും മകൻ ജിതിനാണ്‌ (29) മരിച്ചത്. ആറ് ദിവസംമുമ്പാണ്‌ വലിയപഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ കുട്ടികൾക്കൊപ്പം താമസിക്കാനെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ വടക്കേക്കര പൊലീസ്‌ പറഞ്ഞു.


    ജിതിന്റെ അച്ഛൻ ജോർജ് വിദേശത്താണ്. ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫീസറാണ് അമ്മ ലിസിമോൾ. റഷ്യൻ സ്വദേശി ക്രിസ്റ്റീനയാണ്‌ ഭാര്യ. ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ നാട്ടിലെത്തിയത്.കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണ്‌ താമസം. ക്രിസ്റ്റീന ജോലിസംബന്ധമായി ബംഗളൂരുവിലാണ്‌.

    കാക്കനാടുള്ള വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ്‌ മക്കളോടൊത്തു ജിതിൻ റിസോർട്ടിൽ എത്തിയത്. മുമ്പും ഈ റിസോർട്ടിൽ ഇടയ്‌ക്കൊക്കെ ഇവർ താമസിക്കാറുണ്ടായിരുന്നു. രണ്ടുദിവസം മുമ്പ്‌ ലിസിമോൾ റിസോർട്ടിൽ വന്ന് ഇവരെ കണ്ടിരുന്നു. ചൊവ്വ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം മുറിയുടെ  പുറത്തേക്ക് ഇറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad