Header Ads

  • Breaking News

    90 ലക്ഷം രൂപ ചെലവിൽ പഴയങ്ങാടി പുഴയോരത്ത് പണിത റിവർവ്യൂ പാർക്ക് നാശത്തിലേക്ക്


    പഴയങ്ങാടി:
    90 ലക്ഷം രൂപ ചെലവിൽ പഴയങ്ങാടി പുഴയോരത്ത് പണിത റിവർവ്യൂ പാർക്ക് നാശത്തിലേക്ക്. മുട്ടുകണ്ടി തീരദേശ റോഡരികിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥാപിച്ച തെരുവുവിളക്കുകൾ കത്തുന്നില്ല. പാർക്കിൽ പണിത ഓപ്പൺ എയർവേദിയുടെ താഴെ ഭാഗത്തെ പലകകൾ ഇളകിയനിലയിലാണ്. തെരുവുവിളക്കുകാലുകൾ ചിലത് മറിഞ്ഞുവീണിട്ടുണ്ട്. വിളക്കുകളുടെ ബാറ്ററികൾ തകരാറിലായതിനാൽ കത്തുന്നുമില്ല.

    കായൽസൗന്ദര്യം ആസ്വദിക്കാനായി ഇവിടെയെത്തുന്നവർക്കായി മഴക്കൂടാരങ്ങളും ഇരിപ്പിടങ്ങളും വള്ളംകളി പവലിയനുമൊക്കെ നിർമിച്ചിട്ടുണ്ട്. ഒട്ടേറെ പേർ വൈകുന്നേരങ്ങളിൽ ഇവിടെയെത്താറുണ്ട്.

    ലോക്ഡൗൺ പിൻവലിച്ചതോടെ വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളമാളുകൾ എത്താറുണ്ട്. കണ്ടൽവനത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാൻ പാകത്തിലാണ് പാർക്ക് രൂപകല്പന ചെയ്തത്.

    എന്നാൽ ഇത് ശരിയായി പരിപാലിക്കുന്നില്ല. പഴയങ്ങാടി-മുട്ടുകണ്ടി തീരദേശ റോഡരികിൽ വലിയ തോതിൽ മാലിന്യം തള്ളുന്നതും ഇപ്പോൾ പതിവാണ്. ഇവിടെ ക്യാമറ സ്ഥാപിക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.

    മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ളതാണ് പഴയങ്ങാടി റിവർവ്യൂ പാർക്ക്. മറിഞ്ഞുവീണ വിളക്കുകാലുകൾക്കൊപ്പം പുഴയിലേക്ക് നീട്ടിപ്പണിത വേദിയുടെ ഇളകിക്കിടക്കുന്ന പലകകളും നന്നാക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം. അതല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അപകടക്കെണിയായി ഇത് മാറും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad