Header Ads

  • Breaking News

    തെരഞ്ഞെടുപ്പ്: ഏപ്രില്‍ ഏഴു വരെ റോഡുകളില്‍ കുഴിയെടുക്കരുതെന്ന് നിര്‍ദ്ദേശം

    നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ ജില്ലയിലെ റോഡുകള്‍ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.

    ഏപ്രില്‍ ഏഴുവരെയോ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയോ ആണ് നിരോധനം. ഇങ്ങനെ റോഡ് കീറുകയും കുഴിയെടുക്കുകയും ചെയ്യുന്നത് നെറ്റ് വര്‍ക്ക് കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം പ്രവൃത്തികള്‍ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കി.
    ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവൂ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ സമ്മതിച്ചിരുന്നു.

    എന്നാല്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം, കേരള വാട്ടര്‍ അതോറിറ്റി, ദേശീയപാത അതോറിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് മുറിക്കുകയും കുഴിക്കുകയും ചെയ്യുന്നതിനാല്‍ കേബിള്‍ ശൃംഖലയ്ക്ക് വ്യാപകമായ തകരാറുകള്‍ സംഭവിക്കുന്നതായി ബിഎസ്എന്‍എല്‍ അറിയിക്കുകയുണ്ടായി. ഇത് വെബ്കാസ്റ്റിംഗിന് തടസ്സമാവുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലും നടപടികള്‍ സ്വീകരിക്കും.
    ഉത്തരവ് പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സിറ്റി പൊലിസ് കമ്മീഷണര്‍, റൂറല്‍ എസ്പി, തലശ്ശേരി-തളിപ്പറമ്പ് സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍, വെബ്കാസ്റ്റിംഗ്- എംസിസി നോഡല്‍ ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വരണാധികാരികള്‍, സെക്ടര്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ നടപടികള്‍ സ്വീകരിക്കണം. രാത്രി ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണം നടത്തി ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad