Header Ads

  • Breaking News

    ഭീതിയിലാഴ്ത്തി നാട്ടില്‍ ചുറ്റിക്കറങ്ങി കടുവ ; 6 വളര്‍ത്തു നായ്ക്കളെ കൊന്നു തിന്നു

    പുല്‍പ്പള്ളി : പ്രദേശവാസികളെ ഭീതിയിലാഴ്ത്തി നാട്ടില്‍ ചുറ്റിക്കറങ്ങി കടുവ. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള പറുദീസക്കവല, സേവ്യംകൊല്ലി പ്രദേശങ്ങളിലാണ് കടുവ ഇറങ്ങിയത്. കടുവയെ കാട് കയറ്റാനുള്ള വനപാലകരുടെ ശ്രമങ്ങള്‍ വിജയം കാണാത്തത് നാട്ടുകാരെ കൂടുതല്‍ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്.

    വനം വകുപ്പ് നിരീക്ഷണത്തിന് സ്ഥാപിച്ച ക്യാമറയില്‍ കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. കടുവയെ കൂടുവെച്ചു പിടിയ്ക്കാന്‍ വനം വകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. വനം മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കൂട് സ്ഥാപിക്കും. കടുവയെ കാട് കയറ്റുന്നതിനു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വനപാലകര്‍ കിണഞ്ഞ് ശ്രമിയ്ക്കുകയാണ്. കൃഷിയിടങ്ങള്‍ മാറിമാറി പതുങ്ങുന്ന കടുവയുടെ നീക്കമാണ് പ്രശ്‌നം സൃഷ്ടിയ്ക്കുന്നത്.

    രണ്ടു ദിവസങ്ങള്‍ക്കിടെ പ്രദേശത്തെ ആറ് വളര്‍ത്തു നായ്ക്കളെയാണ് കടുവ പിടിച്ച് കൊന്നു തിന്നത്. ഇതോടെ വീടിന് പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുകയാണ്. കൃഷിയിടങ്ങളിലെ ജോലികള്‍ താത്കാലികമായി നിര്‍ത്തിവെച്ച നാട്ടുകാര്‍ തൊഴുത്തുകളില്‍ കയറി കടുവ വളര്‍ത്തുമൃഗങ്ങളെ പിടിയ്ക്കുമോ എന്ന ഭയത്തിലാണ്. പ്രദേശം ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കടുവയെ കൂടുവെച്ചോ മയക്കുവെടി വെച്ചോ പിടികൂടുന്നതിന് ഇടപെടല്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം നാട്ടുകാരെ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad