Header Ads

  • Breaking News

    ഓട്ടം കഴിഞ്ഞശേഷം രാത്രി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു


    കണ്ണൂര്‍: 
    ഓട്ടം കഴിഞ്ഞശേഷം രാത്രി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. തലശ്ശേരി-കണ്ണൂര്‍ റൂട്ടിലോടുന്ന അമല്‍ കമ്പനിയുടെ കെ എല്‍ 58 ക്യൂ 8228, കെ എല്‍ 58 എ 6777 നമ്പര്‍ ബസ്സുകളുടെ മുന്‍വശത്തെ ചില്ലുകളാണ് തകര്‍ത്തത്. കണ്ണോത്തുംചാലിലെ ജയശ്രീ പെട്രോള്‍ പമ്പില്‍ രാത്രി നിര്‍ത്തിയിട്ടതായിരുന്നു ബസ്സുകള്‍. കാലത്ത് ജീവനക്കാര്‍ എത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ത്തതായി കാണപ്പെട്ടത്. ഉടമ പി വി പ്രേമന്‍, കണ്ടക്ടര്‍ പ്രേമന്‍ എന്നിവര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി.
    ചെങ്ങളായിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ആറ് കാറുകള്‍ അടിച്ചു തകര്‍ത്തു. കെ.പി.പി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് തകര്‍ക്കപ്പെട്ടത്. കേസില്‍ ഒരാളെ ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ചക്കരക്കല്‍ സ്വദേശിയായ റഫീഖിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
    ഇന്നലെ രാത്രിയിലാണ് സംഭവം. അബ്ദുല്‍ ഫത്താഹിന്റെ പെങ്ങളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയവരുടെ കാറുകളാണ് അടിച്ചുതകര്‍ത്തത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
    വാഹനങ്ങള്‍ക്ക് നേരെ ആദ്യം കല്ലേറുണ്ടാകുകയും പിന്നീട് ഇരുമ്പ് പൈപ്പ്‌ക്കൊണ്ട് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിന് പിറകിലുണ്ടെന്നും പിടിയിലായ ആള്‍ മാനസികാസ്വാസ്ഥ്യമുള്ളതായി അഭിനയിക്കുകയാണെന്നും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. റഫീഖിനെ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ശ്രീകണ്ഠപുരം പോലീസ് അറിയിച്ചു. റഫീഖിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad