ജാമ്യം തേടി യുഎപിഎ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർ കോടതിയിൽ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പോലീസ് നിലപാട് മാറുമോ?

കോഴിക്കോട്: യുഎപിഎ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതിയാണ് പരിഗണിക്കുക.
മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ച് മാവോയിസ്റ്റ് ആശയ പ്രചരണം നടത്തി എന്നി കുറ്റങ്ങളാരോപിച്ച് യുഎപിഎ 20,32,39 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസ് ഭാഷ്യം. നഗരത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം കാട്ടിലുള്ള മാവോയിസ്റ്റുകളുടെ കണ്ണിയാണെന്ന് അന്വേഷണ സംഘം വാദിക്കുന്നു.
എന്നാൽ, യുഎപിഎ ചുമത്തിയത് പുന:പരിശോധിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ചുമത്തിയതുകൊണ്ടുമാത്രം യുഎപിഎ നിലനിൽക്കണമെന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അന്വേഷണ സംഘത്തിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും യുഎപിഎ ചുമത്തിയവർക്കെതിരെ ശക്തമായ തെളിവുണ്ടെന്ന നിലപാടിൽ തന്നെയാണ് പോലീസ്.
പിടിയാലവരിൽ ഒരാളെ 2015 മുതൽ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് ലാപ്ടോപ്പും മെമ്മറി കാർഡുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി പിടിയിലായ അലൻ ഷുഹൈബ് താഹാ ഫസൽ എന്നിവർ കോഴിക്കോട് ജില്ലാ ജെയിലിൽ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നില്ല.
www.ezhomelive.com
ليست هناك تعليقات
إرسال تعليق