Header Ads

  • Breaking News

    ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം



    കോട്ടയം:  പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. മരിച്ച അഫീലിന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് മായ്ച്ചതായി കണ്ടെത്തി. അഫീലിനെ സ്റ്റേഡിയത്തിലേക്ക് വിളിച്ചു വരുത്തിയ സംഘാടകരെ രക്ഷിക്കാനാണ് നടപടിയെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതായും വിമർശനമുണ്ട്.

    അഫീലിന്റെ മൈാബൈൽ ഫോണിൽ ഫിംഗർ ലോക്കും പാസ്‌വേഡുമായിരുന്നു ഉണ്ടായിരുന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ അഫീലിന്റെ ഫോണിൽ നിന്ന് മാതാപിതാക്കൾക്ക് കോൾ പോയിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫീലിന്റെ വിരൽ ഉപയോഗിച്ച് ഫോൺ ലോക്ക് തുറന്നതായിരിക്കാമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇതിനിടെ കോൾലീസ്റ്റ് നീക്കം ചെയ്തിരിക്കാമെന്നും സംശയമുണ്ട്.

    സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സംഘാടകർക്ക് വീഴ്ച പറ്റിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. അഫീൽ സ്വന്തം ഇഷ്ടപ്രകാരമാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് സംഘാടകൾ അവകാശപ്പെടുന്നത്. അഫീലിനെ കൂടാതെ പന്ത്രണ്ട് വിദ്യാർത്ഥികൾ കൂടി വോളന്റിയർമാരായി പ്രവർത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണിതെന്ന് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം സംഘാടകർ എഴുതി വാങ്ങുകയും ചെയ്തിരുന്നു. അഫീലിന്റെ മരണത്തിൽ പങ്കില്ലെന്ന് വരുത്താനാണ് മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് മായ്ച്ചതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

    അപകടത്തിൽ ഉത്തരവാദികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവത്തിൽ തങ്ങളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും ഞെട്ടിച്ചു. അത്‌ലറ്റിക് അസോസിയേഷന്റെ പിടിപ്പുകേടാണ് അപകടകാരണമെന്നാണ് സമിതിയംഗങ്ങൾ തങ്ങളോട് പറഞ്ഞത്. എന്നാൽ റിപ്പോർട്ടിൽ സംഘാടകരെ അനുകൂലിച്ചുള്ള നിലപാടാണ് സമിതിയംഗങ്ങൾ സ്വീകരിച്ചതെന്നും മാതാപിതാക്കൾ കുറ്റപ്പെടുത്തുന്നു.
     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad