Header Ads

  • Breaking News

    ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ഏഴ് പേര്‍ അറസ്റ്റില്‍


    കൊച്ചി: 
    ഓണസദ്യയെ തികയാഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് എറണാകുളം എസ് ആര്‍ എം റോഡിലെ കൊതിയന്‍സ് ഹോട്ടലുടമ പരാതി നല്‍കിയത്. വനിതകള്‍ ചേര്‍ന്ന് നടത്തുന്ന സംരംഭമാണിത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

    കഴിഞ്ഞ ദിവസമാണ് കൊതിയന്‍സ് ഹോട്ടലിന് നേരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി പിടിച്ചുവാങ്ങി.


    മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad