Header Ads

  • Breaking News

    സഞ്ചാരികളെ മാടിവിളിച്ച് കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചട്ടം


    കാഞ്ഞിരക്കൊല്ലി:
    അളകാപുരി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കാഞ്ഞിരക്കൊല്ലി. വിനോദ സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതവും, സൗകര്യ പ്രദവുമാകും വിധമാണ് കാഞ്ഞിരക്കൊല്ലിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

    വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കുള്ള വഴിയുടെ വശങ്ങള്‍ ഹാന്റ് റൈല്‍ ഇട്ട് ബലപ്പെടുത്തുകയും,അപകടങ്ങള്‍ ഒഴിവാക്കാനായി വേലികള്‍ കെട്ടിത്തിരിക്കുകയും വെള്ളത്തില്‍ ചവിട്ടാതെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക് എത്തുവാനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങുവാന്‍ കരിങ്കല്‍ കൊണ്ട് പടവുകളും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം നൂറിലേറെ ആളുകള്‍ക്ക് വെള്ളച്ചാട്ടം ആസ്വദിക്കുവാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്.

    അവധി ദിവസങ്ങളില്‍ 600 മുതല്‍ 700 വരെയും മറ്റ് ദിവസങ്ങളില്‍ 150 മുതല്‍ 200 വരെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഇവിടെ വന്ന് പോകുന്നുണ്ട്. വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലും 20 രൂപ ടിക്കറ്റ് വച്ചാണ് പ്രവേശനം. അളകാപുരി വെള്ളച്ചാട്ടത്തില്‍  നിന്ന് 2 കിലോമീറ്റര്‍ മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് ശശിപ്പാറ വ്യൂപോയിന്റ്. ഇവിടെയും സുരക്ഷാ വേലികളും, ടിക്കറ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

    അളകാപുരി വെള്ളച്ചാട്ടത്തിന്റെ സമീപത്ത് നിന്ന് ശശിപ്പാറയിലേക്ക് സ്വകാര്യ ജീപ്പ് സര്‍വ്വീസ് നടത്തുന്നുണ്ട്. 500 രൂപ നല്‍കിയാല്‍ ശശിപ്പാറയില്‍ എത്തി ഭംഗി ആസ്വദിച്ച് തിരികെ വരാം. മദ്യപാനത്തിനും,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമെതിരെ ശക്തമായ നിരീക്ഷണമാണ് ഫോറസ്റ്റ് അധികൃതര്‍ നടത്തുന്നത്. കര്‍ശനമായ പരിശോധനക്ക് ശേഷം മാത്രമേ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടുകയുള്ളൂ.

    ഇത് കൂടാതെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദിവസ കൂലിയില്‍ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മഴക്കാല ടൂറിസം മേഖലയിലെ പ്രധാന കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ ആദ്യം വരെയാണ് സീസണ്‍. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. ശ്രീകണ്ഠപുരം പയ്യാവൂര്‍-ചന്ദനക്കാംപാറ വഴി കാഞ്ഞിരക്കൊല്ലിയില്‍ എത്താം.

    29 കിലോമീറ്ററാണ് ദൂരം. ഇരിട്ടി - ഉളിക്കൽ -മണിക്കടവ് വഴിയും എത്തിച്ചേരാം 30 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad