Header Ads

  • Breaking News

    കാഴ്ചപരിമിതിയുള്ളവർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ടു ചെയ്യാൻ സഹായി സംവിധാനം





    കണ്ണൂർ :- നിയമസഭ തിരഞ്ഞെടുപ്പിൽ കാഴ്ചാപരിമിതി മൂലമോ ശാരീരിക അവശതകൾ മൂലമോ ബാലറ്റ് യുനിറ്റിലെ ചിഹ്നം തിരിച്ചറിയാൻ സാധിക്കാതിരിക്കുകയോ ബാലറ്റ് യൂനിറ്റിൽ സ്വയം വിരലമർത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതോ ആയ വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്താൻ സഹായിയുടെ സേവനം തേടാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ഈ സംവിധാനം കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് നടപ്പിലാക്കുന്നത്.

    പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സഹായിയുടെ സേവനം അനുവദിക്കുകയുള്ളൂ. സഹായിയുടെ സേവനം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രിസൈഡിംഗ് ഓഫീസറാണ്. സഹായിയും വോട്ടർക്കൊപ്പം പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ചാണ് വോട്ടിംഗ് നടപടി പൂർത്തീകരിക്കുന്നത്. സഹായി 18 ന് മുകളിൽ പ്രായമുള്ള ആളാകണം.

    സഹായി ആയി വരുന്നയാൾ ഒരു ദിവസം ഒരേയൊരു വോട്ടർക്കു മാത്രമേ സഹായിയാവുകയുള്ളൂ എന്നും വോട്ടിൻ്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്നും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. ആർക്ക് വോട്ട് ചെയ്തുവെന്ന വിവരം പുറത്തുവിടുന്നത് നിയമലംഘനമാണ്. വോട്ടറുടെ ഇടതു ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മായ്ക്കാനാകാത്ത മഷി അടയാളപ്പെടുത്തുക. പ്രിസൈഡിംഗ് ഓഫീസർ ഇത്തരം വോട്ടർമാരുടെ വിശദ വിവരങ്ങളടങ്ങിയ പട്ടിക (ഫോം 14A) തയ്യാറാക്കി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും വേണം.

    ശാരീരിക അവശത മൂലം സഞ്ചരിക്കാൻ പ്രയാസമുണ്ടെങ്കിലും ബാലറ്റ് യുനിറ്റിൽ സ്വയം വിരലമർത്തി വോട്ട് ചെയ്യാൻ സാധിക്കുന്ന വോട്ടർക്ക് പോളിംഗ് സ്റ്റേഷനകത്ത് പ്രവേശിക്കാനും വോട്ടിംഗ് യന്ത്രത്തിന് അടുത്തേക്ക് വോട്ടറെ എത്തിക്കാനും മാത്രമായി സഹായിയുടെ സേവനം തേടാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ സഹായിയുടെ പ്രസ്താവനയോ ഫോം 14 A യിലുള്ള രേഖപ്പെടുത്തലോ ആവശ്യമില്ല. 1951 ലെ ജനപ്രാതിനിധ്യ നിയമം - രഹസ്യസ്വഭാവ ലംഘനം (വകുപ്പ് 128): വോട്ടെടുപ്പിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്ക് മൂന്ന് മാസം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad