Header Ads

  • Breaking News

    സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിൽ; കേരളത്തെ അഭിനന്ദിച്ച് നീതി ആയോഗ്

    സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ . വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഡോ. വിനോദ് കുമാർ പോൾ അഭിനന്ദിച്ചു.

    കൃഷിയനുബന്ധ മൂല്യവർധിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കേരളം ആസൂത്രണം ചെയ്യണമെന്ന് നീതി ആയോഗ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മത്സ്യ സംസ്‌കരണ മേഖലയിലും ശ്രദ്ധയൂന്നണം. ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയ്യാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വർദ്ധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. ആ മേഖലയിൽ രാജ്യത്തിനു മാതൃകയാവുന്ന വിധത്തിൽ കൂടുതൽ സംഭാവന നൽകാൻ സാധിക്കണം. പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതഭാരം എന്നിവ കേരളത്തിൽ കൂടിവരികയാണ്. സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കാൻ സവിശേഷമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും ഡോ. വി. കെ. പോൾ അഭിപ്രായപ്പെട്ടു.

    No comments

    Post Top Ad

    Post Bottom Ad