Header Ads

  • Breaking News

    കുഴി വരാന്‍ കാത്തിരിക്കരുത്; റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

    കണ്ണൂർ: റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കുഴികള്‍ രൂപപ്പെടുന്നത് വരെ കാത്തിരിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പ്രവൃത്തികള്‍ ടൂറിസം സാധ്യതകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ഓരോ റോഡിനും നിര്‍മാണ ശേഷം പരിപാലന കാലാവധിയുണ്ട്. ഈ കാലയളവില്‍ അവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം കരാറുകാര്‍ക്കുണ്ട്. റോഡ് പ്രവൃത്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൃത്യമായി സമര്‍പ്പിക്കണം. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ടോള്‍ ഫ്രീ നമ്പര്‍, പരിപാലന കാലയളവ് തുടങ്ങിയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തണം. മണ്ഡലത്തിലെ പുതിയ റോഡുകളുടെ സാധ്യത പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ റോഡുകളുടെ പരിപാലന കാലാവധിയും കരാറുകാരുടെ വിവരങ്ങളും ഉടന്‍ പരസ്യപ്പെടുത്തണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക്  മന്ത്രി നിര്‍ദ്ദേശം നല്‍കി.

    തളിപ്പറമ്പിലെ പൊതുമരാമത്ത്  റെസ്റ്റ് ഹൗസ് നവീകരണത്തിന് മുന്തിയ പരിഗണന നല്‍കും. മികച്ച ശുചിത്വം, ഭക്ഷണം, താമസം തുടങ്ങിയവ ഉറപ്പു വരുത്തണം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. തളിപറമ്പ് റസ്റ്റ് ഹൗസ് നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിലെ റസ്റ്റ്ഹൗസുകള്‍ നവീകരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കഠിനാധ്വാനമാണ് നടത്തിയതെന്നും. റസ്റ്റ് ഹൗസ് റൂമുകള്‍ വാടകയ്ക്ക് നല്‍കിയത് വഴി ഒരു മാസം കൊണ്ട് 27 ലക്ഷത്തിലേറെ രൂപ വരുമാനം ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad