Header Ads

  • Breaking News

    വടുകുന്ദ തടാകത്തിൽ ഇക്കുറി പൂരംകുളി ഇല്ല


    പഴയങ്ങാടി
    പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും ഒരുപോലെ അനുഗ്രഹമായ മാടായിപ്പാറയിലെ വടുകുന്ദ തടാകം കാണികൾക്കെന്നും വിസ്മയക്കാഴ്ചയാണ്.

    ഏതു കൊടിയ വേനലിലും തെളിനീരുള്ള മാടായിപ്പാറയിലെ 1.84 ഏക്കർ വിസ്തൃതിയിലുള്ള ഈ തടാകം ഇതുവരെ വറ്റിയിട്ടില്ല. സമതലത്തിൽ നിന്ന് 120 അടി ഉയരത്തിലുള്ള ഈ പാറക്കെട്ടിൽ വേനൽച്ചൂടിലും നല്ല വെള്ളമുണ്ട്.

    മാടായിക്കാവ് പൂരോത്സവത്തോടനുബന്ധിച്ച് കാവിലമ്മയുടെ പൂരംകുളി (ആറാട്ട്) നടക്കുന്നത് ഈ തടാകത്തിലാണ്.

    പൂരംകുളി നാളിൽ ഈ ചടങ്ങ് കാണാൻ പതിനായിരങ്ങൾ ഈ തടാകത്തിനും ചുറ്റും വന്നുചേരാറുണ്ട്. എന്നാൽ ഇക്കുറി കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളും മാറ്റി വെക്കേണ്ട സ്ഥിതിയായതിനാൽ ഇവിടെ നടാടെ പൂരംകുളി നടക്കാത്ത അവസ്ഥയാണ്.

    1971-ൽ വടുകുന്ദ ശിവക്ഷേത്ര പുനരുദ്ധാധാരണ വേളയിൽ നിരവധി മോട്ടോർ പമ്പ് ഉപയോഗിച്ച് 10 മണിക്കൂറിലേറെ സമയം ഇവിടത്തെ വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

    മാടായിപ്പറയുടെ താഴ്വാരങ്ങളിലെ നിരവധി വീടുകൾക്ക് എന്നും ശുദ്ധജലം ലഭ്യമാകുന്നത് ഈ പ്രകൃതിദത്ത തടാകം കാരണമാണ്. താഴ്വാരത്തിലെ തണ്ണീർത്തടാകങ്ങൾക്കും വലിയ അനുഗ്രഹമാണ് ഈ തടാകം. വേനൽക്കാലത്തുപോലും ഫൗണ്ടൻ പോലെ ഈ തടാകം പ്രവർത്തിക്കും.

    ദാരികനിഗ്രഹത്തിനു പോയ ദേവിയുടെ കോപം ശമിപ്പിക്കാൻ പ്രത്യക്ഷപ്പെട്ട ശിവൻ ഉണ്ടാക്കിയതാണ് ഈ തടാകമെന്നും ഈ തടാകത്തിൽ നീരാടി ദേവി ശാന്തയായെന്നും ശിവൻ സ്വയംഭൂവായി മാടായിപ്പാറയിൽ ഉണ്ടായതാണ് വടുകുന്ദ ശിവക്ഷേത്രമെന്നും ബ്രഹ്മാണ്ഡപുരാണത്തിലെ കേരള മാഹാത്മ്യങ്ങളിൽ പറയുന്നുണ്ട്.

    ഈ ഓർമപ്പെടുത്തലിന്റെ ഭാഗം കൂടിയാണ് പൂരം നാളിൽ മാടായിക്കാവിലമ്മയുടെ ബിംബം വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) ആയി നടത്തുന്നതിന് പിന്നിലെ ഐതിഹ്യം.

    No comments

    Post Top Ad

    Post Bottom Ad