Header Ads

  • Breaking News

    പീഡന പരാതിയിൽ ഉണ്ണിമുകുന്ദന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി




    കൊച്ചി: പീഡന പരാതിയിൽ കേസ് റദ്ദാക്കണമെന്ന ഹരജിയിൽ നടൻ ഉണ്ണിമുകുന്ദന് തിരിച്ചടി. ഉണ്ണിമുകുന്ദന്‍റെ ഹരജി ഹൈക്കോടതി തള്ളി. അതിനാൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടേണ്ടി വരും. ജസ്റ്റിസ് കെ.ബാബുവിൻ്റേതാണ് ഉത്തരവ്. കേസിൻ്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത തീരുമാനം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

    വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും ഇതിനായി പ്രത്യേക അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു.

    2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ൽ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസിൽ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമർപ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ തന്റെ ഒപ്പെന്ന വ്യാജേന കള്ള സത്യവാങ്മൂലമാണ് സമർപ്പിച്ചതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് റദ്ദാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൌരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad