Header Ads

  • Breaking News

    ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല, യാത്രക്കാരന് 25000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്



    കണ്ണൂർ : യാത്രക്കാരനെ സ്റ്റോപ്പിൽ ഇറക്കാത്തതിന് ബസ് ജീവനക്കാർ 25000 രൂപ പിഴ നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന മാധവി മോട്ടോഴ്സിന്റെ കെ.എൽ 58 എസ് 8778 ശ്രീ മൂകാംബിക ബസിൽ കല്യാശേരിയിൽ ഇറങ്ങേണ്ട യാത്രക്കാരൻ ആർട്ടിസ്റ്റ് ശശികലയെയാണ് കണ്ടക്ടർ എൻ.രാജേഷ്, ക്ലീനർ എന്നിവർ ചേർന്ന് ഇറക്കിവിട്ടത്.

    2018 ആഗസ്റ്റ് 15നു രാവിലെ 10.20 ന് കല്യാശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ കല്യാണച്ചടങ്ങിൽ സംബന്ധിക്കാനാണ് ആർട്ടിസ്റ്റ് ശശികല കണ്ണൂരിൽ നിന്ന് ബസിൽ കയറിയത്.

    20 രൂപ നൽകി ‘കല്യാശ്ശേരി’ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അവിടെ നിറുത്തില്ലെന്നു പറഞ്ഞ് കണ്ടക്ടർ പ്രകോപിതനായെന്നും അസഭ്യം പറഞ്ഞുകൊണ്ട് ‘ഇവിടെ ഇറങ്ങെടാ’ എന്ന് ആക്രോശിച്ച് ക്ലീനറുടെ സഹായത്തോടെ വഴിയിൽ ഇറക്കിവിട്ടെന്നുമാണ് പരാതി.

    കല്യാശ്ശേരി സ്റ്റോപ്പ് ആർ.ടി.എ അംഗീകരിച്ചതായതിനാൽ, ആർട്ടിസ്റ്റ് ശശികല ഇതിനെ ചോദ്യം ചെയ്ത് കണ്ണൂർ ട്രാഫിക് പൊലീസ്, കണ്ണൂർ ആർ.ടി.ഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകി. ഇതിന്മേൽ ട്രാഫിക് എസ്.ഐ 500 രൂപ പിഴയീടാക്കിയിരുന്നു.

    എന്നാൽ യാത്രക്കാരനോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്കെതിരെ ആർ.ടി.ഒ ഗൗരവപൂർണമായ നടപടി കൈക്കൊണ്ടില്ല.

    ഇതിനെത്തുടർന്ന് ബസ് കണ്ടക്ടർ, ബസ് ഉടമസ്ഥൻ എൻ.ശിവൻ, ട്രാഫിക് എസ്.ഐ, ആർ.ടി.ഒ എന്നിവർക്കെതിരെ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ആർട്ടിസ്റ്റ് ശശികല കേസ് ഫയൽ ചെയ്തു.

    പരാതി ഫയലിൽ സ്വീകരിച്ച കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് രവി സുഷ, മെമ്പർമാരായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് രണ്ടരവർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനു ശേഷം 25000 രൂപ നഷ്ടപരിഹാരം വിധിച്ചത്.

    ബസ് കണ്ടക്ടറായ എൻ. രാജേഷ്, ഉടമസ്ഥൻ എൻ. ശിവൻ എന്നിവർ ഒരുമിച്ച് നഷ്ടപരിഹാരത്തുകയായ 25000 രൂപ ഒരു മാസത്തിനുളിൽ പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തുന്നപക്ഷം 9% പലിശ കൂടി നൽകണമെന്നും വിധിയിൽ പറയുന്നു.

    കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ ആർട്ടിസ്റ്റ് ശശികല സ്വന്തമായാണ് കേസ് വാദിച്ചത്.

    No comments

    Post Top Ad

    Post Bottom Ad