Header Ads

  • Breaking News

    ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ സ്കൂൾ പാചകപ്പുരകൾക്കും നിർബന്ധം


    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ കേന്ദ്രങ്ങൾക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഒരു മാസത്തിനുള്ളിൽ എടുക്കണമെന്നാണ് നിർദ്ദേശം. നിലവിൽ രജിസ്ട്രേഷൻ വേണമെന്നാണ് നിബന്ധനയെങ്കിലും ഭൂരിപക്ഷം സ്കൂളുകളും പാലിക്കാത്തതിനെ തുടർന്നാണിത്. സ്കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നീക്കം.

    ഭക്ഷണം വില്പന നടത്താത്തതിനാൽ രജിസ്ട്രേഷൻ ആവശ്യമില്ലെന്നായിരുന്നു അദ്ധ്യാപക സംഘടനകൾ ഉൾപ്പെടെ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ, മറ്റൊരാൾക്ക് കൊടുക്കാനായി ഭക്ഷണം ഉണ്ടാക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. തിരുവനന്തപുരത്ത് 25 ശതമാനം സ്കൂളുകളിൽ മാത്രമാണ് രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. കോഴിക്കോട്ട് 1230 സ്‌കൂളുകളിൽ 30 എണ്ണത്തിൽ മാത്രം. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്. രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതോടെ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി സ്‌കൂളുകളിലെ പാചകപ്പുരകൾ പ്രവർത്തിക്കും. ശുചിത്വം ഉൾപ്പെടെ ഉറപ്പാക്കാനാകും. സ്കൂൾ പാചകപ്പുരകളിൽ ഇപ്പോൾ നടന്നുവരുന്ന പരിശോധനയ്ക്കൊപ്പം രജിസ്ട്രേഷൻ നിർബന്ധമാണെന്ന കാര്യവും ഓർമ്മപ്പെടുത്തുന്നുണ്ട്.


    No comments

    Post Top Ad

    Post Bottom Ad